രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി തന്നെ കീഴ്‌പ്പെടുത്തണം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനം വ്യക്തിപരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണമെന്നാണ് പഠിച്ചിട്ടുള്ളതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഞാൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്.
ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയൻ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാൽ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോൾ
വർഷങ്ങൾക്ക് മുമ്പ് നടന്ന പ്രസ്തുത വിഷയത്തിൽ, അതും ഞാൻ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെൻസേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തിൽ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവും?
ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാൻ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിന്റെ ഓർമ്മപ്പെടുത്തൽ അദ്ദേഹത്തെ ഇത്രമേൽ ആഴത്തിൽ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?
ഇപ്പോൾ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.