Tuesday, January 7, 2025
Kerala

ചൂടില്‍ വെന്തു ഉരുകി സംസ്ഥാനം; വൈദ്യുതി‍ ഉപഭോഗം സര്‍വകാല റെക്കോര്‍ഡിൽ അടുത്തു, വരും ദിവസങ്ങളില്‍ വേനല്‍മഴക്ക് സാധ്യത

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ ലഭിക്കുന്ന ചൂട് യാതൗരുവിധ ദയാദാക്ഷ്യണ്യവുമില്ലാത്ത രീതിയിലാണ്. ചൂടില്‍ വെന്തു ഉരുകുകയാണ് നമ്മുടെ സംസ്ഥാനം. കനത്ത് ചൂടിന് ആശ്വാസമായി ഇടയ്ക്ക് മഴയെത്തിയെങ്കിലും താപനില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയർന്നു പോവുകയാണ്.മദ്ധ്യ തെക്കന്‍ കേരളത്തില്‍ പതിവിന് വിപരീധമായി വേനലിന്റെ തുടക്കം മുതല്‍ തന്നെ ചൂട് കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. പാലക്കാടിനും പുനലൂരിനും പിന്നാലെ തൃശൂര്‍, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും താപനിലയില്‍ കാര്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം തൃശൂരിലെ വെള്ളാനിക്കരയിലാണ് ഇന്നലെ പകല്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്, അത് 37.9 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഇതേ താപനില തുടർന്ന് പോരുകയാണ്.

വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ താപനില ഇങ്ങനെയാണ്- കോട്ടയം- 36.8, പാലക്കാട്- 37.5, പുനലൂര്‍- 36.0, കണ്ണൂര്‍ എയര്‍പോര്‍ട്ട് 35.7, കണ്ണൂര്‍- 35.2, ആലപ്പുഴ- 35.2. ഇത്തവണ ഫെബ്രുവരി ആദ്യം മുതല്‍ ശക്തമായ വേനല്‍ക്കാലത്തിന്റെ പ്രതീതി കണ്ട് തുടങ്ങിയിരിക്കുകയാണ്.ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് കോട്ടയത്താണ്, ഈ മാസം 15നാണ് 38.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ജില്ലയിലെ സര്‍വക്കാല റെക്കോര്‍ഡിന് വെറും 0.2 ഡിഗ്രി മാത്രം താഴെയാണിത്.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തന്നെ വേനല്‍മഴ ലഭിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ ഇപ്പോൾ വ്യക്തമാക്കുന്നത്. മാർച്ച് 22 വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ സാധ്യത ഐഎംഡിയും പ്രവചിക്കുന്നുണ്ട്.

അതേ സമയം വേനല്‍മഴ കുറയില്ലെന്നും സാധാരണ തോതില്‍ തന്നെ ലഭിക്കുമെന്നും അടുത്ത രണ്ട് മാസവും തുടരുമെന്നുമാണ് വിവിധ നിഗമനങ്ങള്‍. ഇതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ മഴയെത്തിയാലും ചൂട് ഗണ്യമായി കുറയില്ല, തെരഞ്ഞെടുപ്പും എസ്എസ്എല്‍സി പരീക്ഷയും വരാനിരിക്കെ ഇത് സ്ഥാനാര്‍ത്ഥികളേയും വിദ്യാര്‍ത്ഥികളേയും അടക്കം പെടുത്താനുള്ള സാധ്യതയുണ്ട്.സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിന് അരികിലെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ രേഖപ്പെടത്തിയ കണക്ക് പ്രകാരം 86.43 മില്യണ്‍ യൂണിറ്റാണ് കേരളത്തിലെ ഉപഭോഗം.ഒരു ദിവസം കൊണ്ട് കൂടിയത് 1.6 മില്യണ്‍ യൂണിറ്റാണ്. 2019ലെ ലോക്‌സഭ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് രേഖപ്പെടുത്തിയ 88.33 മില്യണ്‍ ആണ് ഇതുവരെയുള്ള റെക്കോര്‍ഡ്. ഇത്തവണ അടുത്ത ആഴ്ചയോടെ തന്നെ 90-95 മില്യണ്‍ യൂണിറ്റിന് മുകളിലേക്ക് വരെ ഉപഭോഗം ഉയരുമെന്നാണ് കെഎസ്ഇബിയും കണക്ക് കൂട്ടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *