പ്രവാസി മലയാളി വെടിയേറ്റ് മരിച്ച സംഭവം; 15 വയസ്സുകാരന്‍ അറസ്റ്റില്‍
ഡാലസ്: അമേരിക്കയില്‍ മസ്‌കിറ്റ് സിറ്റിയിലെ നോര്‍ത്ത് ഗാലോവേ അവന്യുവില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (56) വെടിയേറ്റ് മരിച്ച കേസില്‍ 15 വയസ്സുകാരന്‍ അറസ്റ്റില്‍. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം
പ്രതിക്കെതിരെ കൊലപാതകത്തിനാണ് കേസേടുത്തിരിക്കുന്നത്. എന്നാല്‍ അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിക്ക് പ്രായപൂര്‍ത്തി ആവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണോ വിചാരണ ചെയ്യുകയെന്ന് വ്യക്തമല്ല.
ബുധനാഴ്ച്ച ഉച്ചക്ക് സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോള്‍ കാറിലേക്ക് മടങ്ങി. തിരികെ പോയോ എന്നറിയാന്‍ കടയുടെ വാതില്‍ തുറന്ന് സാജന്‍ നോക്കിയപ്പോള്‍ വെടിവെയ്ക്കുകയായിരുന്നു. വയറില്‍ ഒന്നില്‍ കൂടുതല്‍ തവണ വെടിയേറ്റ സാജനെ പെട്ടെന്ന് പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനായ സാജന്‍ 2009-ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. മിനി സജിയാണ് ഭാര്യ. ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്‌സാണ്. ഫേബാ സാറാ സാജന്‍, അലീന ആന്‍ സാജന്‍ എന്നിവര്‍ മക്കളും അനീഷ് മരുമകനും ആണ്.