കോഴിക്കോട് നിപ ഭീതിയൊഴിയുന്നു; ഇന്ന് പുറത്തുവന്ന മുഴുവന്‍ ഫലവും നെഗറ്റീവ്
കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്ത് വന്ന മുഴുവന്‍ പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്ള 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം കാണിച്ചതിനാല്‍ ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ക്ലോസ് കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ട 251 പേരുടെ ഐസുലേഷന്‍ കാലാവധി പൂര്‍ത്തിയായി. നിപ്പ വൈറസുകളില്‍ ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിപ്പ ആശങ്ക നിലനില്‍ക്കുന്ന കോഴിക്കോട് നിന്ന് ഏറെ ആശ്വാസം നിറഞ്ഞ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇനി വരാന്‍ ഉള്ളത് 36 സാമ്പിളുകളുടെ പരിശോധന ഫലമാണ്. ആശുപത്രികളില്‍ കഴിയുന്ന 9 വയസ്സുകാരന്റെ ആരോഗ്യം മെച്ചപ്പെട്ടു. ക്ലോസ് കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ട 251 പേരുടെ ഐസുലേഷന്‍ കാലാവധി പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ആദ്യം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കോര്‍പറേഷന്‍, ഫറോക്ക് നഗരസഭകളിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. അതെ സമയം അമിത ആത്മവിശ്വാസം പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഓര്‍മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നു. ഈ മാസം 24 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ തീരുമാനം ആയി.