സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡം ഉടൻ; മുന്നൊരുക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി
സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ക്ലാസുകൾ പ്രവർത്തിക്കുകയെന്ന് യോഗത്തിൽ തീരുമാനമാകും. നവംബർ ഒന്ന് മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്
ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളും പത്ത്, 12 ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസിൽ ശരാശരി 40 കുട്ടികളാണുള്ളത്. ഇവരെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തിൽ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം വേണമെന്ന് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കും
ഒന്നര വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാനാരംഭിക്കുന്നത്. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. തദ്ദേശ സ്ഥാപനങ്ങളുടെയും കർമ സമിതികളുടെയും നേതൃത്വത്തിൽ ഇത് നടത്തും. ഒരു മാസത്തിൽ താഴെ സമയം മാത്രമാണ് മുന്നൊരുക്കങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പിനുള്ളത്.