ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് വിട; മൃതദേഹം സംസ്കരിച്ചു
മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്‍റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത്.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടർ രേണു രാജ് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ് എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രളയമുന്നറിയിപ്പ് അറിയാതെ കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നിർമ്മൽ മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ ജപൽപൂരിൽ ലെഫ്റ്റനന്‍റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നുള്ള യാത്രക്കിടെ തിങ്കളാഴ്ച്ച കാണാതായ നിര്‍മ്മലിന്‍റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്നിയില്‍ കണ്ടെത്തിയത്.