Thursday, January 9, 2025
Kerala

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്‌സൈസ്, പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദ്ദേശം നൽകും. സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്‌സൈസ്/ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *