സ്‌നേഹരാഷ്ട്രീയത്തിന്റെ ഉടയോന് വിട; വിലാപ യാത്ര കൊട്ടാരക്കര കടന്നു
സ്‌നേഹരാഷ്ട്രീയത്തിന്റെ ഉടയോന് വിട നൽകി കേരളം. വിലാപയാത്ര കൊട്ടാരക്കര കടന്നു. ജനസാഗരമാണ് റോഡിനിരുവശവും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി തടിച്ചുകൂടി നിൽക്കുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.