രാമായണ മാസം; ഗുരുവായൂർ ക്ഷേത്രത്തിൽ 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് യുവതി
ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്
തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സമർപ്പിച്ചു. 770 ഗ്രാം തൂക്കം വരുന്ന കിണ്ടിയ്ക്ക് 53 ലക്ഷം രൂപയോളം വില വരും. രാമായണ മാസാരംഭ ദിനത്തിലായിരുന്നു ഗുരുവായൂരിൽ കാണിക്കയായി സ്വര്‍ണകിണ്ടി സമര്‍പ്പിച്ചത്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കീരീടം തിരുവനന്തപുരം സ്വദേശി വഴിപാടായി നല്‍കിയിരുന്നു.