കേരളത്തിൻ്റെ ഭൗതിക വികസനത്തിൽ വായന മുഖ്യ പങ്ക് വഹിച്ചു; മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്
സാമൂഹ്യ വികസന സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായന രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിൻ്റെ മാറ്റത്തെ ഉൾക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാൻ വായനദിനത്തിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായി. മാനന്തവാടി വൊക്കേഷണൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഹൃദ്യ എലിസബത്ത് വായനാ സന്ദേശം നൽകി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍, ഡി.ഡി.ഇ കെ.വി. ലീല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂലായ് 7 വരെയാണ് ജില്ലയിൽ വായന പക്ഷാചരണം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായന പക്ഷാചരണത്തിൽ വിവിധ പരിപാടികളാണ് നടത്തുന്നത്. കുട്ടികള്‍ക്ക് വായനാക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം, ബെന്യാമിന്‍ കൃതികളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം, പുസ്തകചര്‍ച്ച, കാവ്യസന്ധ്യ എന്നിവ നടക്കും. ഐ.വി. ദാസ് ജന്മദിനമായ ജൂലായ് 7നാണ് വായന പക്ഷാചരണം അവസാനിക്കുക.