സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്; എ.എന്‍. ഷംസീറിന് രമേശ് ചെന്നിത്തലയുടെ കത്ത്
സ്പീക്കര്‍ എ.എന്‍. ഷംസീറിന് രമേശ് ചെന്നിത്തലയുടെ കത്ത്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ആദ്യം. അടിയന്തര പ്രമേയങ്ങള്‍ തളളിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഇത് സഭയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെടുന്നു.
അടിയന്തര പ്രമേയ നോട്ടിസ് തുടർച്ചയായി തള്ളുന്നുവെന്നാണ് സ്പീക്കർക്ക് എതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമർശനം. നിയമസഭയിലെ ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഓഫ് ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ ചേര്‍ന്നത് വെറും ഒന്‍പത് മിനിറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ദിവസം ഇത് പതിനേഴ് മിനിറ്റായിരുന്നു. എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ വാദി പ്രതിയായ സ്ഥിതിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തത്. ഇതിനിടെ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാത്തത് നിരാശജനകമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.