ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞു, ഷംസീറിന് ജ്യോതിഷമുണ്ടോ? പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; രമേശ് ചെന്നിത്തല
നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍, ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ഷംസീറിന് ജ്യോതിഷമുണ്ടോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്.
സ്പീക്കര്‍ നിലവിട്ടു പെരുമാറാന്‍ പാടില്ല. ഭരണകക്ഷിക്ക് വേണ്ടിയല്ല നില്‍ക്കേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പവിത്ര സംരക്ഷിക്കേണ്ടതാണ് സ്പീക്കര്‍. എല്ലാ നഗരസഭയിലെയും പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. കൊച്ചിയിലെ പോലെ മാലിന്യ പ്രശ്‌നം കേരളത്തിലെ മറ്റ് ഏതെങ്കിലും നഗരസഭയിലുണ്ടോയെന്ന് സ്പീക്കര്‍ പറയണം.
ഇതേസമയം, 13 ദിവസമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. കുറ്റബോധം കൊണ്ടോ കുറ്റക്കാരനായത് കൊണ്ടോ ആയിരിക്കാം. അന്വേഷണത്തിന് തയ്യാറാല്ലെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. കെ.എസ്.ഐ.ഡി.സിയാണ് കരാര്‍ നല്‍കിയത്. വ്യവസായ വകുപ്പിന് കീഴിലാണ് കെ.എസ്.ഐ.ഡി.സി. വ്യവസായ മന്ത്രി രാജീവിന് കരാര്‍ നല്‍കിയതില്‍ പങ്കുണ്ടോയെന്ന് അദേഹം ചോദിച്ചു.
മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മേയര്‍ രണ്ടാം പ്രതിയും. സൂപ്പര്‍താരം മമ്മുട്ടി,മോഹന്‍ലാല്‍, മുന്‍ എം.എല്‍.എ എം.കെ.സാനു തുടങ്ങിയ എല്ലാവരും ശ്വാസംമുട്ടുന്നുവെന്ന് പറയുന്നു. ശ്വാസം മുട്ടാത്ത ഏക വ്യക്തി മുഖ്യമന്ത്രിയാണ്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ വരുന്ന കൗണ്‍സിലര്‍മാരെ തല്ലി ചതക്കുന്നതാണോ പൊലീസിന്റെ നിതിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.