മണ്ണിടിഞ്ഞുവീണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കും; സഹായ ധനം പ്രഖ്യാപിച്ചു
കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽ വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബർ കമ്മീഷണർ ഡോ. ചിത്ര ഐഎഎസിനെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി.
മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ വി ശിവൻകുട്ടി നിർദേശം നൽകി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും. മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ വിമാനമാർഗം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്d
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.