മൊഫിയ കേസിലെ കുറ്റപത്രം; സിഐ സുധീറിനെ ബോധപൂർവം ഒഴിവാക്കിയെന്ന് കുടുംബം
മൊഫിയ പർവീൺ ആത്മഹത്യാക്കേസിലെ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ പിതാവ് ദിൽഷാദ്. കേസിൽ നിന്ന് ആലുവ സിഐയായിരുന്ന സുധീറിനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി പോര മകളുടെ ആത്മഹത്യക്ക് കാരണം സിഐയും ആണെന്ന് ദിൽഷാദ് ആരോപിച്ചു.
സിഐയെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് മുന്നറിയിപ്പ്. കേസിൽ ഇന്നലെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയും സുഹൈലിന്റെ ഉമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമായുള്ള കുറ്റപത്രമാണ് നൽകിയത്. സുഹൈലിന്റെ വീട്ടിൽ മൊഫിയ ക്രൂര പീഡനത്തിന് വിധേയമായെന്നും കുറ്റപത്രത്തിൽ പറയുന്നു.
സുഹൈലിന്റെ മുൻകൂർ ജാമ്യാപേക്ഷ 21ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് കുറ്റപത്രം നൽകിയത്. ലൈംഗിക വൈകൃതങ്ങൾക്കടക്കം സുഹൈൽ ഭാര്യയെ ഇരയാക്കി. ഉമ്മ റുഖിയ നിരന്തം മർദിച്ചു. പിതാവ് യൂസഫ് മർദനം കണ്ടിട്ടും മനം പാലിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.