Thursday, January 9, 2025
Kerala

വിസി നിയമനം കോടതി കയറി ,സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിൽ,സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി

തിരുവനന്തപുരം:സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് പിന്നാലെ വിസി നിയമന തര്‍ക്കം കോടതി കയറിയതോടെ സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിൽ. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല .

കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞമാസം പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിന്. സിസ വന്നത് മുതൽ സര്‍വ്വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസ്സഹകരണത്തിൽ . ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചിരിക്കുകയാണ്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്.

തര്‍ക്കവും പ്രതിഷേധവും തുടരുമ്പോൾ അനിശ്ചിതത്വത്തിലാകുന്നത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയവും ഭാവിയും കൂടിയാണ്. ഹിയറിംഗിന് ശേഷം മറ്റ് വിസിമാര്‍ക്കും ഗവര്‍ണര്‍ പകരക്കാരെ തീരുമാനിക്കുന്ന അവസ്ഥ വന്നാൽ ബാക്കി സര്‍വ്വകലാശാലകളെ കാത്തിരിക്കുന്നതും സമാന സാഹചര്യമാകും

Leave a Reply

Your email address will not be published. Required fields are marked *