ഓൺലൈൻ ലിങ്കിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ
ഓൺലൈൻ ലിങ്കിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ. കോഴിക്കോട് ജില്ലയിൽ മാത്രം നൂറിലധികം ഉദ്യോഗസ്ഥരാണ് ഓൺലൈൻ തട്ടിപ്പിന് വിധേയമായത്. പ്രമുഖ കമ്പനികളുടെ പേരും ലോഗോയും ഉപയോഗിച്ചിരുന്ന ആളുകളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായ സർക്കാർ ഉദ്യോഗസ്ഥന്മാർ പൊലീസിൽ പരാതി കൊടുക്കാനും തയ്യാറായിട്ടില്ല. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ആളുകളെ ആകർഷിക്കാൻ പ്രമുഖ മണ്ണുമാന്തി യന്ത്ര നിർമ്മാതാക്കളായ കാറ്റർ പില്ലറിൻറെ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെയും ലോഗോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ ലിങ്ക് വഴി പണം നിക്ഷേപിച്ചാൽ മണ്ണുമാന്തിയന്ത്രം ഓൺലൈനായി പാട്ടത്തിന് ലഭിക്കും. യന്ത്രം പ്രവർത്തിക്കുന്ന മണിക്കൂറിനനുസരിച്ച് പണം ലഭിക്കുന്നതാണ് പദ്ധതി.
100 രൂപയ്ക്ക് പ്രതിദിനം മൂന്ന് രൂപ കമ്മീഷൻ നൽകിയായിരുന്നു തുടക്കം. ആളുകളെ ചേർത്താൽ കമ്മീഷനും ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ ലിങ്ക് പ്രചരിച്ചത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് കമ്മിഷൻ ലഭിച്ചതോടെ കൂടുതൽ ആളുകൾ ചേരുകയും കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിദിനം പതിനായിരം രൂപ കമ്മീഷൻ നൽകുന്ന പദ്ധതിയാണ് ഏറ്റവും ഒടുവിൽ അവതരിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ലിങ്ക് അപ്രത്യക്ഷമായതോടെയാണ് തട്ടിപ്പിനിരയായ വിവരം ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്.