Saturday, October 19, 2024
Kerala

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം; പൊതുതാല്പര്യ ഹർജി ഇന്ന് പരി​ഗണിക്കും

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘമാണ് ഹർജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമ നിർമാണത്തിന് കേന്ദ്രസർക്കാരിനോ, സംസ്ഥാന സർക്കാരിനോ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ തിരോധാനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.