കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പാര്‍ട്ടി നേതൃത്വം ചതിച്ചെന്ന് മുന്‍ സിപിഐഎം ഭരണസമിതി അംഗം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ മുന്‍ ഭരണസമിതി അംഗം. കേസില്‍ പാര്‍ട്ടി നേതൃത്വം ചതിച്ചെന്ന് അമ്പിളി മഹേഷ്. മുന്‍ ഭരണസമിതിയിലെ സിപിഐഎം പ്രതിനിധിയാണ് അമ്പിളി. തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത് ബാങ്ക് സെക്രട്ടറി പി ആര്‍ സുനില്‍ കുമാറാണെന്ന് അമ്പിളി പറഞ്ഞു.
കേസില്‍ സിപിഐഎം ബലിയാടാക്കിയെന്ന ആരോപണങ്ങളുമായി കൂടുതല്‍ സിപിഐ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. വലിയ ലോണുകളെടുത്തപ്പോള്‍ സിപിഐയെ അറിയിച്ചില്ല. മുതിര്‍ന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കിയെന്നും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള സിപിഐ അംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ നടന്നത് സിപിഐഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇ ഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ലളിതന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
എല്ലാം നടത്തിയത് സിപിഐഎമ്മാണെന്നും മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ ബലിയാടാക്കിയെന്നും ലളിതന്‍ പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമെന്നും ആരോപണം ഉയര്‍ന്നു. വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതനാണ് ആരോപണമുന്നയിച്ചു. മൂന്ന് പേരാണ് സി.പി.ഐ പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യു റിക്കവറിയുടെ നോട്ടീസും വന്നിട്ടുണ്ട്.