കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ മാറ്റം; തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: വീക്ക്‌ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) 10 ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രം കടുത്ത നിയന്ത്രണമേർപ്പെടുത്തുമെന്ന് സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ എട്ടിന് മുകളിലുള്ളയിടങ്ങളിലാണ് കടുത്ത നിയന്ത്രണം. ഈ തീരുമാനത്തോടെ കൂടുതൽ വാർഡുകൾ തുറക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. തിയറ്ററുകളും തുറക്കില്ല. പ്രതിദിന രോഗികളുടെ എണ്ണവും ടി.പി.ആറും കുറഞ്ഞശേഷം തുറന്നാൽ മതിയെന്നാണ് ധാരണ. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയില്ല.
എന്നാൽ സംസ്ഥാനത്തെ സ്‌കൂളുകൾ നവംബറിൽ തുറക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിന് മാനദണ്ഡം തയാറാക്കാൻ മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. 19,325 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 143 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.