കൈക്കൂലി വാങ്ങവേ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ
കോട്ടയത്ത് കൈക്കൂലി വാങ്ങവേ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. ചാലുകുന്ന് സിഎൻഐ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി തോമസാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കോട്ടയം സ്വദേശിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ പരാതിക്കാരി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സർവീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ നൽകിയിരുന്നു. താൻ ഇടപെട്ട് വേഗത്തിൽ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ജോൺ ടി തോമസ് പരാതിക്കാരിയെ സമീപിച്ചത്. ഓഫീസർക്ക് നൽകാൻ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
തുടർന്ന് അധ്യാപിക കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങവേ ഹെഡ്മാസ്റ്ററെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.