കൊച്ചിയിൽ ഗുണ്ടാ പിരിവെന്ന് പരാതി
കൊച്ചിയിൽ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോർത്ത് ബ്രോഡ്‌വേയിൽ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാർക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണമായതിനാൽ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിലവിൽ വർദ്ധിച്ചിട്ടുണ്ട്. ഇവരിൽ നിന്നുമാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോർത്ത് സ്റ്റേഷൻ പരിധിയിലുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ ഇരയാകുന്നത്. കച്ചവടം സജീവമാകുമ്പോൾ സംഘം എത്തി പണം ആവശ്യപ്പെടും. ഇല്ലെങ്കിൽ കച്ചവടം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു.
അതേസമയം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പരാതി നൽകാൻ വ്യാപാരികൾ മടിക്കുകയാണ്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്ഗു ണ്ടാ പിരിവുകാരെ ജയിലിൽ അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. അനധികൃത പിരിവുകാരെ കുറിച്ച് വിവരം നൽകണമെന്നും പൊലീസ്.