Sunday, January 5, 2025
Kerala

അട്ടപ്പാടി മധു കേസ്; വനംവകുപ്പ് വാച്ചര്‍ കൂറുമാറി

അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് നേരത്തെ കൂറുമാറിയത്.

വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചതിനിടെയാണ് മധു കേസില്‍ സാക്ഷി കൂറുമാറിയത്. മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍ നിയോഗിച്ച ശേഷമാണ് ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചത്.

Read Also:അട്ടപ്പാടി മധു കേസ് : സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു; പകരം ചുമതല രാജേഷ് എം മേനോന്

നേരത്തെ പത്ത്, പതിനൊന്ന് സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂട്ടറെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേന്ദ്രനെ മാറ്റുകയും അഡീ.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *