രണ്ട് ‘സുന്ദരി’മാർ, രണ്ട് മുഖ്യമന്ത്രിമാർ! സ്വപ്‌ന സുരേഷും സരിത എസ് നായരും, മാധ്യമങ്ങളിലെ ഇക്കിളിയും
ഒരാൾ സുന്ദരനാണോ സുന്ദരിയാണോ എന്ന് നിശ്ചയിക്കുന്നത് ആ വ്യക്തിയല്ല. നമ്മുടെ ചുറ്റുപാടും നോക്കുകയാണെങ്കിൽ, സമൂഹമാണ് അത് തീരുമാനിക്കുന്നത് എന്ന് പറയാം. സമൂഹത്തിന് അക്കാര്യത്തിൽ ചില മുൻവിധികളും തീർപ്പുകളും ഒക്കെയുണ്ട്- ഒരുപക്ഷേ, ഏറ്റവും മനുഷ്യവിരുദ്ധമായ രീതിയിൽ തന്നെ. അങ്ങനെയാണ് നമ്മുടെ വാർത്തകളിൽ പോലും സൗന്ദര്യം ഒരു നിർണായക ഘടകമാകുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഒരു ഉദാഹരണം മാത്രമാണ്. പൊതുബോധത്തിന് സുന്ദരിയെന്ന് തോന്നിപ്പിച്ച ഒരു സ്ത്രീയുടെ സാന്നിധ്യമാണ് ആ സംഭവത്തെ ഇത്രമേൽ പൈങ്കിളിവത്കരിച്ചിരിക്കുന്നത്.
നയതന്ത്ര ബാഗേജ് മറയാക്കി സ്വർണക്കടത്ത് നടത്തി എന്നതിപ്പുറത്തേക്ക് സ്വപ്‌ന സുരേഷ് എന്ന സ്ത്രീയുടെ സ്വകാര്യ ജീവിതത്തിലെ ചൂടുംചൂരും അന്വേഷിക്കാനാണ് മാധ്യമങ്ങൾ താത്പര്യപ്പെട്ടത്, ആളുകൾ വായിക്കാനും ഓടിയണഞ്ഞത്.
33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ്
എന്നാലിപ്പോൾ ആ സാഹചര്യങ്ങൾ മാറുകയാണ്. ഇക്കിളി കഥകളല്ല സ്വപ്‌നയ്ക്ക് പറയാനുള്ളത് എന്ന് ഏറെക്കുറേ വ്യക്തമായിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി സക്കാരിന്റെ കാലത്തെ സോളാർ കേസുമായിട്ടാണ് പലരും ഇപ്പോഴത്തെ സ്വണക്കടത്ത് കേസിനെ താരതമ്യം ചെയ്യുന്നത്. അത്തരം ഒരു താരതമ്യത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിക്കാം…
സോളാർ കേസ്
സോളാർ പാനലുകളും വിൻഡ് മില്ലുകളും സ്ഥാപിക്കാനുള്ള പദ്ധതിയെന്നും പറഞ്ഞ് രംഗത്ത് വന്ന ബിജു രാധാകൃഷ്ണനും സരിത എസ് നായരും ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ പ്രധാനികൾ. നൂറോളം ആളുകളിൽ നിന്നായി എഴുപതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ ആണ് ഇവർ തട്ടിയെടുത്തത്.
വിവാദമായത് എന്തുകൊണ്ട്
ഏതൊരു തട്ടിപ്പ് കേസിനും ലഭിക്കുന്ന വാർത്താ പ്രാധാന്യം ആയിരുന്നില്ല സോളാർ കേസിന് ലഭിച്ചത്. സരിത എസ് നായർ അറസ്റ്റിലായതോടെ കേസിന്റെ മാനം മാറുകയായിരുന്നു. പിന്നീട് കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കേസ് ആയി സോളാർ കേസ് മാറി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കായിരുന്നു ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മുഖ്യമന്ത്രിയുടെ ഓഫീസും ലൈംഗികതയും
മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു തട്ടിപ്പുകേസുമായി ബന്ധമുണ്ടാവുക എന്നത് വലിയ വാർത്ത തന്നെയാണ്. എന്നാൽ സരിത എസ് നായരുടെ മറ്റ് ബന്ധങ്ങളായിരുന്നു അന്ന് വാർത്തകളുടെ കേന്ദ്രം. യുഡിഎഫ് സർക്കാരിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും പാർട്ടി നേതാക്കളും സംശയത്തിന്റെ നിഴലിൽ തന്നെ ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയ്‌ക്കെതിരെ ലൈംഗികാരോപണം
കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണവും ഉയർന്നു. ഉമ്മൻ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു സരിത എസ് നായർ ഉന്നയിച്ച ആരോപണം. കേരള ചരിത്രത്തിൽ ആദ്യമായി മുഖ്യധാര മാധ്യമങ്ങളുടെ പ്രൈം ടൈം ബുള്ളറ്റിനുകളിൽ ‘വദനസുരതം’ എന്ന വാക്ക് ഉയർന്നുകേട്ടു.
ബലാത്സംഗ പരാതി
കേരള നിയമസഭയിലെ ഒരു അംഗത്തിനെതിരെ സരിത എസ് നായർ ബലാത്സംഗ പരാതിയും ഉന്നയിച്ചു. സിപിഎം വിട്ട് അന്ന് കോൺഗ്രസിൽ അഭയം നേടിയ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ആയിരുന്നു ഈ പരാതി. കേസ് ഒന്നും ആകാതെ ഇപ്പോഴും തുടരുകയാണ്. സരിത എസ് നായർ പരാതി പിൻവലിച്ചതായി അറിവില്ല.
മണിക്കൂറുകൾ നീണ്ട സല്ലാപങ്ങൾ
കോൺഗ്രസ് ജനപ്രതിനിധികളേയും നേതാക്കളേയും വലച്ചത് സരിത എസ് നായരുടെ കോൾ ലിസ്റ്റുകളായിരുന്നു. മണിക്കൂറുകൾ നീളുന്ന നൂറുകണക്കിന് സംഭാഷണങ്ങളായിരുന്നു പലരുമായും സരിത നടത്തിയത്. അതിൽ പലതും പാതിരാത്രിയ്ക്ക് ശേഷവും ആയിരുന്നു. സദാചാര കണ്ണുകളോടെ ആയിരുന്നു മഒട്ടുമിക്ക മാധ്യമങ്ങളും ഇത് നോക്കിക്കണ്ടത്.
സരിതയുടെ കത്തും വിവാദങ്ങളും
സരിത എസ് നായർ മജിസ്‌ട്രേറ്റിന് നൽകിയ കത്തും, അതിലെ പേരുകളും എല്ലാം വിവാദമായി. പത്രസമ്മേളനത്തിൽ ഉയർത്തിപ്പിടിച്ച കത്തിന്റെ ചിത്രങ്ങൾ പകർത്തിയ മാധ്യമങ്ങൾ അതിലുള്ള വ്യക്തികളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടു. ഇത് ആഘോഷമാക്കുകയും ചെയ്തു. അന്തിച്ചർച്ചകളെല്ലാം ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഗതികേട്
കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയ്ക്ക് ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മണിക്കൂറുകൾ നീണ്ട തെളിവെടുപ്പിന് ഹാജരാകേണ്ടി വന്നു. ഉമ്മൻ ചാണ്ടി മൊഴി നൽകുകയും ചെയ്തു. ആദ്യം സരിതയെ അറിയില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയ്ക്ക് ഒട്ടുമിക്ക കാര്യങ്ങളും സമ്മതിക്കേണ്ടിയും വന്നു.
ഉമ്മൻ ചാണ്ടിയുടെ ഓഫീസ്
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ജിക്കുമോനും ടെനി ജോപ്പനും കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ ആയിരുന്ന സലീം രാജിന് നേർക്കും ഗുരുതര ആരോപണങ്ങളുണ്ടായി. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്നതിന് തെളിവായിരുന്നു ഈ സംഭവങ്ങൾ.
സിഡി തിരഞ്ഞ് ഓട്ടം
ഉമ്മൻ ചാണ്ടിയ്ക്കും മറ്റ് പ്രമുഖർക്കും എതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് കൃത്യമായ തെളിവുകളുണ്ടെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഈ സിഡി കോയമ്പത്തൂരിലാണ് ഉള്ളത് എന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ബിജു രാധാകൃഷ്ണനേയും വഹിച്ചുകൊണ്ടുള്ള പോലീസ് വാഹനത്തെ പിന്തുടർന്ന് മാധ്യമങ്ങൾ നടത്തിയ ‘ചേയ്‌സ്’ കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയ ഒരു സംഭവമായി.
സ്വർണക്കടത്ത് കേസ്
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് സോളാർ കേസ് വരുന്നത് എങ്കിൽ, പിണറായി സർക്കാരിന്റെ അഞ്ചാം വർഷത്തിലാണ് സ്വർണക്കടത്ത് കേസ് വരുന്നത്. കൊവിഡ് പ്രതിരോധത്തിലുൾപ്പെടെ ഭരണത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന പൊതു അഭിപ്രായം പിണറായി സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്ന അതേ സമയത്താണ് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 30 കിലോ സ്വർണം പിടിക്കുന്നത്.
സ്വപ്‌ന സുരേഷും ഡിപ്ലോമാറ്റിക് ബാഗേജും
കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് പിടിക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. എന്നാൽ സ്വപ്‌ന സുരേഷ് എന്ന സ്ത്രീയുടെ സാന്നിധ്യവും, ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് എന്ന പ്രത്യേകതയും ഈ കേസിന് സവിശേഷ ശ്രദ്ധ നേടിക്കൊടുക്കുകയായിരുന്നു. സ്വപ്‌ന സുരേഷിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് കേരളത്തിലെ മാധ്യമവാർത്തകളിലും നിറഞ്ഞു.
മുഖ്യമന്ത്രിയും പ്രമുഖരും
സ്വപ്‌ന സുരേഷിനൊപ്പം മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയും ഒക്കെ നിൽക്കുന്ന വിവിധ ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം വളരെ പെട്ടെന്ന് മാധ്യമങ്ങളിൽ നിറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും എതിരെ ആരോപണങ്ങൾ കത്തിക്കയറി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് ഏറ്റവും പ്രതിരോധത്തിലായത്.
ആരാണ് സ്വപ്ന
സ്വർണക്കടത്ത് കേസിൽ വിവാദത്തിലാകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക്കിലെ താത്കാലിക ജീവനക്കാരിയായിരുന്നു സ്വപ്‌ന സുരേഷ്. അതിന് മുമ്പ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു അവർ. അതിന് മുമ്പ് എയർ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയും.
യുഎഇ കോൺസുലേറ്റിലെ ജോലിക്കാരിയായിരിക്കവേയാണ് മുഖ്യമന്ത്രിയുമായും മറ്റ് പ്രമുഖരുമായും ഒക്കെയുള്ള ഇവരുടെ ചിത്രങ്ങൾ എടുക്കപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസും എം ശിവശങ്കറും
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു എം ശിവശങ്കർ ഐഎഎസ്. സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയും ഇദ്ദേഹം തന്നെ ആയിരുന്നു. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിൽ വഴിവിട്ട രീതിയിൽ ബന്ധമുണ്ടെന്ന രീതിയിൽ ആയിരുന്നു വാർത്തകൾ. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലായി. എം ശിവശങ്കറിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. പക്ഷേ, സംശയങ്ങളുടെ വാൾമുനയിൽ തന്നെയാണ് ഇപ്പോഴും ശിവശങ്കർ.
കോൾ ലിസ്റ്റ് പുറത്ത്
സോളാർ കേസിൽ സരിതയുടേത് എന്നത് പോലെ തന്നെ സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റേയും കോൾ ലിസ്റ്റ് പുറത്തെത്തി. മന്ത്രി കെടി ജലീൽ സ്വപ്നയെ പലതവണ വിളിച്ചു എന്നായിരുന്നു പിന്നീട് മാധ്യമ വാർത്തകളിലെ ആഘോഷം.
എന്നാൽ ജലീൽ ഇക്കാര്യം നിഷേധിച്ചതേയില്ല. എന്തിനാണ് സ്വപ്നയെ ബന്ധപ്പെട്ടത് എന്നത് വാർത്താസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്തു. ഇതിനിടെ ഒരു ബിജെപി അനുകൂല മാധ്യമ പ്രവർത്തകനും സ്വപ്‌നയുടെ കോൾലിസ്റ്റിൽ ഉണ്ടെന്ന് വെളിവാക്കപ്പെട്ടു.
ഇക്കിളിക്കഥകൾ
സോളാർ കേസിൽ സരിത എസ് നായരുടെ ഇക്കിളി കഥകൾ ഉണ്ടായതുപോലെ സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ഇക്കിളിക്കഥകളായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ സോളാർ കേസുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അത്തരം ഇക്കിളിക്കഥകൾക്കൊന്നും ഈ ഘട്ടത്തിൽ ഒരു സാധ്യതയും ഇല്ലെന്നാണ് സൂചനകൾ. എം ശിവശങ്കറിന്റെ ബന്ധങ്ങൾ തെളിയിക്കപ്പെട്ടാൽ തന്നെയും അതിനപ്പുറത്തേക്ക് സർക്കാരിലെ ആരെയെങ്കിലും ഈ കേസ് കുഴപ്പിക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ ആവില്ല.
കുഴങ്ങിയത് സ്പീക്കർ
സ്വപ്‌നയുടെ ക്ഷണം സ്വീകരിച്ച് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ഷോപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഈ കേസിന്റെ തുടക്കത്തിൽ ശരിക്കും കുഴങ്ങിയത്. ബിജെപി പ്രവർത്തകനായ സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനം എങ്ങനെ സ്പീക്കർ നിർവ്വഹിച്ചു എന്നായിരുന്നു പ്രധാന ചോദ്യം. ഇപ്പോൾ അതിനും പ്രാധാന്യമില്ലാതായി വന്നിരിക്കുകയാണ്.
പ്രതിപക്ഷം കുടുങ്ങുമോ?
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഇപ്പോൾ എൻഐഎ ആണ് അന്വേഷിക്കുന്നത്. തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്. കേസിൽ അറസ്റ്റിലായ ഒരാൾ പ്രമുഖ മുസ്ലീം ലീഗ് കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ആരും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ ആകില്ലെന്നാണ് കണ്ണൂർ എംപിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
താരതമ്യത്തിന് വകുപ്പില്ല
രണ്ട് സർക്കാരിന്റേയും അഞ്ചാം വർഷത്തിൽ വിവാദം സൃഷ്ടിച്ചുകൊണ്ട് ഓരോ കേസുകൾ ഉണ്ടായി എന്നും അതിൽ രണ്ടിലും ഓരോ സ്ത്രീകൾ ആയിരുന്നു കേന്ദ്ര ബിന്ദു എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ പരിധിയിൽ വന്നു എന്നും കൃത്യമായി പറയാം. എന്നാൽ, അതിനപ്പുറത്തേക്ക് സോളാർ തട്ടിപ്പുകേസിന്റെ ഇക്കിളി ഭാഗങ്ങളുമായി ഈ സംഭവത്തെ ചേർത്തുവയ്ക്കാൻ ആവില്ലെന്ന് തന്നെയാണ് ഇപ്പോൾ പറയുവാൻ സാധിക്കുക.