വിപുലമായ പ്രചാരണത്തിന് പ്രിയങ്കഗാന്ധി; അടുത്തമാസം രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിലേക്ക്
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റായ അമേഠിയിൽ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുൽ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്.