ശൈലജ ടീച്ചറുടെ പിൻഗാമിയായി വീണ ജോർജ് എത്തുമെന്ന് സൂചന; പി രാജീവിന് സാധ്യത ധനകാര്യം
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായതോടെ വകുപ്പ് തല ചർച്ചകളിലേക്ക് മുന്നണി കടന്നിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ തോമസ് ഐസക് വഹിച്ചിരുന്ന ധനകാര്യ വകുപ്പ് പി രാജീവിനോ കെ എൻ ബാലഗോപാലിനോ ലഭിക്കാനാണ് സാധ്യത. ഇരുവരുടെയും പരിചയസമ്പത്ത് വകുപ്പിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
എം വി ഗോവിന്ദൻ മാഷിന് വ്യവസായ വകുപ്പ് ലഭിച്ചേക്കും. പിന്നോക്ക ക്ഷേമം, തൊഴിൽ, നിയമം തുടങ്ങിയ വകുപ്പുകളാകും കെ രാധാകൃഷ്ണന് ലഭിക്കുക. വി ശിവൻകുട്ടി സഹകരണം, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്‌തേക്കും. എക്‌സൈസ് വി എൻ വാസവന് ആയിരിക്കും.
കെ കെ ശൈലജ ടീച്ചറുടെ ആരോഗ്യവകുപ്പ് വീണ ജോർജിന് ലഭിച്ചേക്കുമെന്നാണ് സൂചന. വീണയുടെ പേരാണ് ആരോഗ്യവകുപ്പിനെ നയിക്കാൻ സജീവമായി പരിഗണിക്കുന്നത്. സജി ചെറിയാൻ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് എത്തിയേക്കും. മന്ത്രിസഭയിലെ ഇളമുറക്കാരനായ മുഹമ്മദ് റിയാസിന് സ്‌പോർട്‌സും യുവജനകാര്യവുമാകും വകുപ്പുകൾ ലഭിക്കുക.