Monday, January 6, 2025
Kerala

പുൽവാമ വെളിപ്പെടുത്തൽ ഗൗരവതരം, അന്വേഷണം വേണം; ജാതി സെൻസസ് നടത്തണമെന്നും യെച്ചൂരി

ദില്ലി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് പ്രസ്താവനയിൽ വ്യക്തമാണ്. മോദി സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ നടപടി വേണമെന്നും പറഞ്ഞു.

ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യ സുരക്ഷയെയും ജവാൻമാരുടെ ജീവനും വെച്ച് കേന്ദ്ര സർക്കാർ കളിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെൻസസ് നടപ്പാക്കണം. സംസ്ഥാനങ്ങളിൽ നടക്കുന്നത് സർവ്വേ മാത്രമാണ്. ജാതി സെൻസസ് ഒഴിവാക്കാൻ പതിവ് സെൻസസ് കൂടി കേന്ദ്രം ഒഴിവാക്കിയെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകേണ്ട വിഷയമാണിതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *