Saturday, October 19, 2024
Kerala

ഹരിത ട്രൈബ്യൂണലിൻ്റെ 100 കോടി രൂപ പിഴ; നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ

ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ . നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എൻജിടിയിൽ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

വിശദമായ വാദം കേട്ടതിനുശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 100 കോടി രൂപ ഇപ്പോൾ നൽകുക അപ്രായോഗികമാണ്. മാലിന്യം ഉറവിടത്തിൽ നിന്ന് തരം തിരിച്ച് ശേഖരിക്കണം, സംസ്കരിക്കണം എന്നിവയിൽ ഉണ്ടായ പരാജയമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കോർപ്പറേഷനെതിരായ നടപടി.

ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു. ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.

ഖരമാലിന്യത്തിന്റെ 100 ശതമാനം വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എംസിഎഫുകൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്നിശമനാ വകുപ്പ് നിർദ്ദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയൂം വേണം. സൈറ്റിൽ നൽകിയിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം.

Leave a Reply

Your email address will not be published.