‘ധാരണാപത്രത്തിൽ ഒപ്പു വച്ചത് ശിവശങ്കറിന്റെ നിർദേശപ്രകാരം’; ലൈഫ് മിഷൻ കേസിൽ സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്ന് യു.വി ജോസ്
ലൈഫ് മിഷൻ കോഴകേസിൽ സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്ന് ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി.ജോസ്. രേഖകൾ തയ്യാറക്കിയത് എം ശിവശങ്കറാണെന്നും യുണിടാക്കിന് കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെടൽ നടത്തിയെന്നും യു.വി.ജോസ് മൊഴി നൽകി. പദ്ധതിക്ക് പിന്നിൽ കോഴ ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും റെഡ്‌ക്രെസന്റുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നും കള്ളപ്പണ ഇടപാടിനെക്കുറിച്ചോ ഗൂഡാലോചനയെക്കുറിച്ചോ തനിക്കറിയില്ലെന്നും യുവി ജോസ് മൊഴി നൽകി.
യു.വി ജോസിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്നത് കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ മൊഴി കേസിൽ നിർണായകമാകും. ഇ.ഡി നേരത്തേ തെളിവായി കാണിച്ചിരിക്കുന്ന കാര്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇന്നലെ തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ഇരുത്തി ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിനെതിരായ മൊഴിയാണ് ലഭിച്ചത്. സ്വപ്നക്ക് വേണ്ടി ലോക്കർ തുറന്നു കൊടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നും ലോക്കറിനുള്ളിൽ എന്താണെന്നറിയില്ലെന്നുമായിരുന്നു മൊഴി.