കോഴിക്കോട് പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ) ,അർഷാദ് (34) എന്നിവരാണ് ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്.
കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. കണ്ണൂരിൽ കാറിന് തീപിടിച്ച് പൂർണ ഗർഭിണിയും ഭർത്താവും വെന്തുമരിച്ചതിന്റെ നടുക്കം ഇതുവരെ മാറിയിട്ടില്ല. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴിയാണ് കാറിന് തീപിടിച്ച് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റിയാട്ടൂർ കാര്യാർമ്പ് സ്വദേശി റീഷ (24), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്.
കാറിനുള്ളിലെ എക്‌സട്രാ ഫിറ്റിംഗ്‌സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് എറണാകുളം കുറുംപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചിരുന്നു.