പെൻഷൻ കുടിശിക മുടങ്ങും; അടുത്തവർഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ മാത്രം വിതരണം
സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടശിക മുടങ്ങും. മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ അടുത്ത വർഷം ആലോചിക്കാമെന്ന് സർക്കാർ അറിയിച്ചു. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം.
കേരളം മുൻപ് എങ്ങും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. അഞ്ചേകാൽ ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നൽകിയിരുന്ന ഉറപ്പ്.
ഒന്നും രണ്ടും ഗഡുക്കൾ നൽകി. പെൻഷൻ കുടിശികയിനത്തിൽ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണ് നൽകാനുള്ളത്. നിലവിലെ സർക്കാർ തീരുമാനം അഞ്ച് ലക്ഷത്തിലേറെ വരുന്ന സർവീസ്-കുടുംബ പെൻഷൻകാർക്ക് തിരിച്ചടിയായി.