Saturday, October 19, 2024
Kerala

തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമ; സംവിധായകനായ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തൃശൂർ: സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്‌പെൻഷൻ. ചോരൻ എന്ന ചിത്രം സംവിധാനം ചെയ്ത എഎസ്ഐ സാന്‍റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജി ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രവീണ്‍ റാണയുടെയുടെയും ബിനാമികളുടെയും പേരിലുള്ള പന്ത്രണ്ട് വസ്തുവകകള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുംബൈയിലെ അയാന്‍ വെല്‍നെസ്സില്‍ റാണ പതിനാറ് കോടിയാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യ പ്രതി പ്രവീണ്‍ റാണ പണം കടത്തിയ വഴികളെ സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

റാണയുടെ കേരളത്തിലെ ഓഫീസുകളിലും വീടുകളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും പൊലീസ് സംഘം നടത്തിയ റെയ്ഡുകളില്‍ നിക്ഷേപം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് റാണ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തതായി കണ്ടെത്തി. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയതായാണ് കണ്ടെത്തിയത്. പല ഇടപാടുകളും സ്വന്തം പേരിലല്ല നടത്തിയിരിക്കുന്നത്. റാണയുടെ അടുത്ത കൂട്ടാളികളുടെ പേരിലാണ് ഭൂമിയിലുള്ള നിക്ഷേപങ്ങളില്‍ ചിലത്.

മുംബൈയിലെ അയാന്‍ വെല്‍നെസ്സില്‍ പതിനാറ് കോടിയുടെ നിക്ഷേപമാണ് റാണയ്ക്കുള്ളത്. ഇതിനുപുറമെ പണമായും കോടികള്‍ പലര്‍ക്കും കൈമാറിയതായും പൊലീസിന് സൂചനകളുണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം റാണയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടിയിലേക്ക് കടക്കാനാണ് ഈസ്റ്റ് പോലീസിന്‍റെ ആലോചന. അതിന് മുന്പ് റാണയുടെ കൂട്ടാളികളില്‍ ചിലരുടെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.