Thursday, April 10, 2025
Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെസത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ഡിസംബര്‍ 21 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും.
ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് വരണാധികാരികളും കോര്‍പ്പറേഷനുകളിലേക്ക് ജില്ലാ കളക്ടര്‍മാരും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് ചുമതല. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം/ കൗണ്‍സിലര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. ചടങ്ങുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍മാരുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക.
ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതാത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *