Monday, January 6, 2025
Kerala

മന്ത്രി മുഹമ്മദ് റിയാസിന്റെ ശബരിമല റോഡ് സന്ദർശനം ബുധനാഴ്ച മുതൽ; പ്രധാന റോഡുകളുടെ പ്രവൃത്തി വിലയിരുത്തും

ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന കൊല്ലം , പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നേരിട്ട് പരിശോധനക്ക് എത്തുന്നത്. റോഡുകളുടെ നിലവിലെ അവസ്ഥ, പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ പുരോഗതി തുടങ്ങിയവ സംഘം പരിശോധിക്കും.

ബുധനാഴ്ച ഉച്ചയോടെ കൊല്ലം ജില്ലയിൽ നിന്നാണ് പരിശോധന ആരംഭിക്കുക. ബുധനാഴ്ച തന്നെ കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും നടക്കും. വ്യാഴാഴ്ച എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ , തിരുവല്ല , അടൂർ , ആറന്മുള എന്നീ മണ്ഡലങ്ങളിലും മന്ത്രി എത്തും. തുടർന്ന് പത്തനംതിട്ടയിൽ അവലോകന യോഗവും ചേരുന്നുണ്ട്.

നേരത്തെ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗം റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ച് നൽകിയിരുന്നു. ആ സമയക്രമത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയായോ എന്നതടക്കമുള്ള പരിശോധന നടക്കും. കോന്നി, റാന്നി, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി ഉദ്ഘാടനവും , പൂർത്തീകരണ ഉദ്ഘാടനവും ഇതിൻറെ ഭാഗമായി നടക്കും. നവീകരിച്ച എരുമേലി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *