തൊടുപുഴയില്‍ കാർ ഒഴുക്കില്‍പെട്ട് മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു
തൊടുപുഴ: തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു.
കാര്‍ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.