Saturday, January 4, 2025
Kerala

ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

 

പത്തനംതിട്ട: ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും പുറപ്പെടാശാന്തിമാരായി ശബരിമലയിലുണ്ടാകും.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ പരമേശ്വരന്‍ നമ്പൂതിരി രണ്ട് വര്‍ഷം മുന്‍പ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് കുറവക്കാട് ഇല്ലം ശംഭു നമ്പൂതിരി. നാലാം ഊഴത്തിലാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി ഇരുവര്‍ക്കും നറുക്കു വീണത്.

പ്രതികൂല കാലാവസ്ഥമൂലം ശബരിമലയിലെത്താന്‍ കഴിയാത്ത തീര്‍ത്ഥാടകര്‍ക്കായി വീണ്ടും അവസരം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. പ്രതികൂല കാലാവസ്ഥ ശബരിമല മുന്നൊരുക്കങ്ങളെ ബാധിക്കുമെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

നിര്‍മാല്യം, പതിവ് പൂജകള്‍ എന്നിവര്‍ക്കും ഉഷ പൂജയ്ക്കും ശേഷം രാവിലെ 8 മണിയോടെ നടന്ന ചടങ്ങിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മ്മ, നിരഞ്ജന്‍ വര്‍മ്മ എന്നിവരെയാണ് നറുക്കെടുപ്പിനായി നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *