പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീന്‍ ആണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവിധ കൊലക്കേസുകളില്‍പ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നും സഞ്ജിത് വധക്കേസ് പ്രതികള്‍ക്കും സിറാജുദ്ദീന്‍ സഹായം നല്‍കിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.