Tuesday, March 11, 2025
Kerala

പഠിപ്പിച്ച് തീരാതെ പാഠങ്ങൾ; സിലബസോ പരീക്ഷയ്ക്കുള്ള പാഠഭാഗമോ കുറച്ചേക്കും

തൃശ്ശൂർ:അധ്യയന വർഷത്തിന്റെ 40 ശതമാനം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ കുട്ടികൾക്ക് ഓൺലൈനിലൂടെ നൽകാനായ ക്ലാസുകളുടെ വിഷയം തിരിച്ചുള്ള എണ്ണം വളരെ കുറവ്. സ്‌കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ ഓരോ വിഷയത്തിനും 65 പീരിയഡുകൾ കിട്ടിയേനേ. എന്നാൽ ശരാശരി 20 ശതമാനം ക്ലാസുകളാണ് ഓരോ വിഷയത്തിനും ഓൺലൈനിലൂടെ കിട്ടിയിരിക്കുന്നത്.

ഈ സ്ഥിതി തുടർന്നാൽ സ്‌കൂൾ തുറന്ന ശേഷം മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു തീരുമോ എന്നാണ് ആശങ്ക. സിലബസ് കുറയ്ക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാറ്റി ചിന്തിക്കേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ രംഗത്തു നിന്നുള്ള സൂചന. സിലബസ് കുറയ്ക്കാതെ, പരീക്ഷയ്ക്ക് വരുന്ന പാഠഭാഗങ്ങൾ കുറയ്ക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

വിക്ടേഴ്‌സ് ചാനലിലൂടെയാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. 10-ാം ക്ലാസിന് ദിവസം മൂന്നു ക്ലാസും എട്ട്, ഒമ്പത് ക്ലാസുകൾക്ക് രണ്ടും ഒന്നു മുതൽ ഏഴ് വരെ ഓരോന്നുമാണ് പ്രതിദിന സംപ്രേഷണം. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച ശേഷം ഇപ്പോൾ 13 ആഴ്ച പിന്നിട്ടു. 10-ലെ ഗണിതത്തിന് 65 ക്ലാസുകൾ കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 30 ആണ്. അതേസമയം മൂന്നാം ക്ലാസിലെ ഗണിതത്തിന് കിട്ടിയത് 19 ക്ലാസ് മാത്രമാണ്. 10-ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന് കിട്ടിയത് 20 ആണ്. ഇതേ വിഷയം അഞ്ചാം ക്ലാസിൽ എട്ടും എട്ടാം ക്ലാസിൽ 14-ഉം ക്ലാസുകൾ ആണ് സംപ്രേഷണം ചെയ്യാനായത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണമാണ് ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്നത്. ക്ലാസുകളുടെ വീഡിയോ കൈറ്റിന്റെ യൂട്യൂബ് ചാനലിലും ഫെയ്‌സ് ബുക്ക് പേജിലും അപ് ലോഡ് ചെയ്യുന്നതിനാൽ ആവർത്തന ക്ലാസുകളുടെ ആവശ്യമില്ലെന്ന അഭിപ്രായം അധ്യാപകർക്കിടയിലുണ്ട്.

സെപ്റ്റംബറിൽ സ്‌കൂൾ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിലബസ് കുറയ്ക്കില്ലെന്ന പ്രഖ്യാപനം ജൂലായിൽ ഉണ്ടായത്. എന്നാൽ ഒക്ടോബറിലും ക്ലാസ് ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബറിലോ ഡിസംബറിലോ സ്‌കൂൾ തുറക്കാനാവുമോ എന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇക്കാരണത്താലാണ് തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യത തെളിയുന്നത്.

3, 5, 8, 10 ക്ലാസുകളിൽ കിട്ടിയ ഓൺലൈൻ പീരിയഡുകൾ ഇപ്രകാരം. സ്കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്നത് ബ്രാക്കറ്റിൽ.

വിഷയം ക്ലാസ് 3 ക്ലാസ് 5 ക്ലാസ് 8 ക്ലാസ് 10

ഗണിതം 19 (78) 7 (65) 19 (65) 30 (65)

ഇംഗ്ലീഷ് 14 (65) 6 (78) 15 (65) 15 (65)

മലയാളം 16 (130) 10 (52) 9 (52) 12 (52)

Leave a Reply

Your email address will not be published. Required fields are marked *