Monday, January 6, 2025
Kerala

സ്തൂപം തകര്‍ത്തത് സിപിഐഎം ഉമ്മന്‍ചാണ്ടിയെ ഭയക്കുന്നതിനാല്‍: കെ സുധാകരന്‍ എംപി

ഉമ്മന്‍ചാണ്ടിയെ സിപിഐഎം എത്രത്തോളം ഭയക്കുന്നതിന് തെളിവാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകര്‍ത്ത സംഭവമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകാരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സിപിഐഎം എത്ര സ്തൂപങ്ങള്‍ തകര്‍ത്താലും ഇല്ലാതാകുന്നതല്ല ഉമ്മന്‍ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച നന്മ കോണ്‍ഗ്രസിലൂടെ തുടരുക തന്നെ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സിപിഎമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇവിടത്തെ എല്‍ഡിഎഫ് ഭരണമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകര്‍ത്ത സംഭവം.

ഉമ്മന്‍ചാണ്ടി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും വികാരമാണ്. അത് വ്രണപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസും സ്വന്തം അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം നേതൃത്വവും തയ്യാറാകണം. അല്ലെങ്കില്‍ അതിന് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തെരുവിലിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *