ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാനെത്തിയ വത്തിക്കാന്‍ പ്രതിനിധിക്കെതിരെ പരാതി നല്‍കി വിമത വിഭാഗം
എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാനെത്തിയ വത്തിക്കാന്‍ പ്രതിനിധിക്കെതിരെ പരാതി. മാര്‍ സിറില്‍ വാസിലിനെിതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും വിമത വിഭാഗമാണ് പരാതി നല്‍കിയത്.
സിറില്‍ വാസിലിന്റെ ഉത്തരവുകളും നടപടികളും വിസ ചട്ടങ്ങളുടെ ലംഘനമെന്നാരോപിച്ചാണ് വിമതവിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരും പൊലീസും വിദേശ പൗരനായ സിറില്‍ വാസിലിന് ഭരണഘടന വിരുദ്ധമായി സഹായം ചെയ്യുന്നതായും പരാതിയില്‍ പറയുന്നു. വിദേശി ആയ സിറില്‍ വാസില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുകാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഉള്‍പ്പടെ വിമതവിഭാഗം പരാതി നല്‍കിയിട്ടുണ്ട്.
Read Also:എറണാകുളം ബസലിക്ക പള്ളിയില്‍ ബിഷപ്പിനെതിരെ പ്രതിഷേധം; ഏകീകൃത കുര്‍ബാന അനുവദിക്കില്ലെന്ന് വിശ്വാസികള്‍
കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്ക് സിറില്‍ വാസി അന്ത്യശാസനം നല്‍കി. ഈ മാസം 20ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണം. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം. മാത്രവുമല്ല ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ഇല്ലെങ്കില്‍ മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സിറില്‍ വാസിലിന്റെ കത്ത് വിമത വിഭാഗം വിശ്വാസികള്‍ കത്തിച്ചു പ്രതിഷേധിച്ചു.