എന്‍ഡിഎ യോഗത്തില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ; കരുതലോടെ നീങ്ങാന്‍ ജെഡിഎസ് കേരള ഘടകം
ദേശീയ തലത്തില്‍ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കരുതലോടെ ജെഡിഎസ് കേരള ഘടകം. കര്‍ണാടകയില്‍ നിന്ന് അന്തിമ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് ജെഡിഎസ് നേതാവ് മാത്യു ടി തോമസ് പറഞ്ഞു. കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയിലാണ്. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന നേതാക്കളുമായി മാത്യു ടി തോമസ് കൂടിയാലോചന നടത്തുകയാണ്.
എന്നാല്‍ ദേശീയ തലത്തിലെ നീക്കം കേരള ഘടകത്തെ ബാധിക്കില്ലെന്നാണ് മുതിര്‍ന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി പറയുന്നത്. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുമെന്നും കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്നാണ് സൂചന. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറയുന്നു. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷയോഗത്തില്‍ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം. കര്‍ണാടകയില്‍ ഉള്‍പ്പെടെ മുഖ്യ എതിരാളിയായി ജെഡിഎസ് കോണ്‍ഗ്രസിനെ ആണ് കണക്കാക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജെഡിഎസ് എന്‍ഡിഎയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നത്. എച്ച് ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഖ്യ സാധ്യത ഇതുവരെ തള്ളിയിട്ടുമില്ല.