വയനാട് അയനിമലയില്‍ വീണ്ടും കടുവയിറങ്ങി; വിറങ്ങലിച്ച് നാട്
വയനാട്: അയനിമലയില്‍ നാട്ടുകാരെ ഭീതിയിലീഴ്ത്തി വീണ്ടും കടുവയെ കണ്ടെത്തി. ഒരു മാസം മുമ്പ് വയലില്‍ കെട്ടിയ പോത്തിനെ കൊന്നു തിന്ന കടുവ വീണ്ടും അതേ സ്ഥലത്ത് കെട്ടിയ പോത്തിനെ പിടിക്കാന്‍ എത്തുകയായിരുന്നു. അയനിമല കോളനിയിലെ രാജേഷിന്റെ വയലില്‍ കെട്ടിയ പോത്തിനെ പിടിക്കാനായാണ് കടുവ എത്തിയത്. ഇന്നലെ രാവിലെ 11.30 നായിരുന്നു കടുവ വയലിലേക്ക് വന്നത്. ഇതിനിടെ യാദൃശ്ചികമായി രാജേഷിന്‌റെ അമ്മ വയലില്‍ എത്തിയപ്പോളാണ് കടുവയെ കാണുന്നത്. ഇവര്‍ ബഹളം വെക്കുകയും വീട്ടുകാരെ വിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കടുവ കാട്ടിലേക്ക് കയറി.
കഴിഞ്ഞ മാസം വയലില്‍ കെട്ടിയ നാലു പോത്തുകളില്‍ ഒന്നിനെ കടുവ കൊന്നിരുന്നു. ഈ കടുവ തന്നെയാണ് ഇപ്പോള്‍ വന്നതെന്നും രാജഷ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി സ്റ്റേഷനില്‍ നിന്നും റേഞ്ചര്‍ എത്തി.
ഇവരുടെ നേതൃത്വത്തില്‍ കടുവയുടെ കാല്‍പാടുകള്‍ പരിശോധിച്ചു. വന്നത് കടുവതന്നെയാണെന്ന് കാല്‍ പാടുകളുടെ പരിശോധനയില്‍ നിന്നും വ്യക്തമാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി വനാതിര്‍ത്തിയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു.