‘എൻ്റെ കേരളം’ പ്രദർശന–വിപണന മേളയ്ക്ക് കോട്ടയത്ത് തുടക്കം
സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എൻറെ കേരളം പ്രദർശന– വിപണന മേളയ്ക്ക് ചൊവ്വാഴ്‌ച കോട്ടയത്ത് തുടക്കമായി. നാഗമ്പടം മൈതാനത്ത് വൈകിട്ട് നാലിന് നടന്ന ചടങ്ങിൽ മണിക്ക് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്തു. പ്രദർശന വിപണന മേള മേയ് 22 വരെ നീളും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള.
സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 200 സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുന്നത്. ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കുന്ന മെഗാ ഭക്ഷ്യമേള, വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക- വിനോദപരിപാടികൾ തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണമാകും.
മേളയുടെ ഭാഗമായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുനക്കര മൈതാനത്ത് നിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംപിമാരും എംഎൽഎമാരും അടക്കം വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.