മന്ത്രിസഭാ വിഭജനം സംബന്ധിച്ച തീരുമാനമുണ്ടാകും; നിർണായക എൽഡിഎഫ് യോഗം ഇന്ന് ചേരും
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായുള്ള എൽഡിഎഫിന്റെ നിർണയക യോഗം ഇന്ന് ചേരും. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച വിഭജനം ഇന്നത്തെ യോഗത്തിൽ പൂർത്തിയാക്കും. ജനാധിപത്യ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ്, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നീ എംഎൽഎമാരുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ
ആന്റണി രാജുവും ഗണേഷ് കുമാറും ആദ്യ രണ്ടര വർഷവും രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും അടുത്ത ടേമിലേക്കും എന്നതാണ് ഇപ്പോഴത്തെ ആലോചന. അതേസമയം ആദ്യ ടേം വേണമെന്നാണ് ഐഎൻഎൽ ആവശ്യപ്പെടുന്നത്.
ടേം വ്യവസ്ഥയിൽ ഗണേഷ്‌കുമാറിന് അതൃപ്തിയുണ്ട്. കേരളാ കോൺഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവും ഇവർക്ക് നൽകിയേക്കും.