Monday, April 14, 2025
Kerala

സത്യപ്രതിജ്ഞയ്ക്ക് 500 പേരുടെ സാന്നിധ്യമുണ്ടാകും; ഇത്തരം സാഹചര്യത്തില്‍ 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20-ാം തീയതി നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുവേദിയില്‍ പകല്‍ 3.30നാണ് സത്യപ്രതിജ്ഞ നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്‍പാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷതിമിര്‍പ്പിനിടയില്‍ സത്യപ്രതിജ്ഞ നടത്താന്‍ സാധിക്കില്ല. അതിനാലാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ സ്‌റ്റേഡിയം 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാല്‍ സ്‌റ്റേഡിയത്തില്‍ 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായുണ്ടാകുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് ഇതേവേദിയില്‍ 40,000ത്തില്‍ അധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇപ്പോള്‍ സാഹചര്യം കണക്കിലെടുത്ത് ഈ രീതിയില്‍ ചുരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാസമാജികരും 29 എംപിമാരുമുണ്ട്. സാധാരണ ഗതിയില്‍ നിയമസഭാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *