Saturday, January 4, 2025
Kerala

പോപ്പുലർ ഫ്രണ്ട് നിരോധന കേസ്; എൻഐഎ കുറ്റപത്രം നൽകി; 30,000 പേജുള്ള കുറ്റപത്രത്തിന്റെ പ്രതിപട്ടികയിൽ 59 പേർ

പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്.

അതീവ ഗൗരവതരമായ ആരോപണങ്ങളാണ് കേസിൽ പ്രതികൾക്കെതിരെ എൻഐഎ ആരോപിക്കുന്നത്. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്‌ഐ നീക്കം. ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തി, ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു എന്നിങ്ങനെ പോകുന്നു കുറ്റപത്രത്തിലെ പരാമർശങ്ങൾ. തങ്ങൾക്കെതിരായ ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും പാകത്തിൽ ആയുധപരിശീലനമടക്കം നൽകി പിഎഫ്‌ഐ നേതാക്കൾ കേഡറുകളെ സൃഷ്ടിച്ചു. പിഎഫ്‌ഐക്ക് ദാറുൽ ഖദ എന്ന പേരിൽ സ്വന്തം കോടതിയുണ്ടെന്നും ഈ കോടതി വിധികൾ പിഎഫ്‌ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.

പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. 59 പ്രതികൾ, 800 സാക്ഷികൾ, 1494 തെളിവ് രേഖകൾ, 638 മാരകായുധങ്ങൾ ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്ജക്റ്റുകൾ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *