Sunday, April 13, 2025
Kerala

‘ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്’; റിസർവ് ബാങ്ക് അഫിഡവിറ്റോടെ തോമസ് ഐസക്കിന്‍റെ വാദം പൊളിഞ്ഞെന്ന് സന്ദീപ് വാര്യര്‍

മസാല ബോണ്ട് , ഇഡി അന്വേഷണത്തിൽ ഇവിടെ ആരും കുനിഞ്ഞു തരില്ല എന്ന തോമസ് ഐസക്കിന്‍റെ വാദം പരിഹാസ്യമാണെന്ന് സന്ദീപ് വാര്യര്‍. മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്‌ക്കെതിരെ കേസ് എടുത്തത് .റിസർവ് ബാങ്ക് ഹൈക്കോടതിയിൽ നൽകിയ അഫിഡവിറ്റിൽ ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് . ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക്ക് ഉന്നയിച്ച വാദം . അതായത് റിസർവ് ബാങ്ക് അഫിഡവിറ്റോടെ തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു . മാത്രമല്ല തോമസ് ഐസക്കിനോട് സന്ദീപ് വാര്യര്‍ പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

എസ്എൻസി ലാവ്ലിൻ ബന്ധമുള്ള കാനേഡിയൻ പെൻഷൻ കമ്പനിയായ സിഡിപിക്യു എങ്ങനെ മസാല ബോണ്ടിൽ നിക്ഷേപമിറക്കി ?

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് പോലും ഇതിലും കുറഞ്ഞ പലിശക്ക് കടമെടുക്കാമെന്നിരിക്കെ 9.75% പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്റെ യുക്തി എന്ത് ?

തോമസ് ഐസക്ക് അവകാശപ്പെടുന്നത് പോലെ മസാല ബോണ്ട് നിയമവിധേയമായിരുന്നെങ്കിൽ എന്ത് കൊണ്ട് തുടർന്നും മസാല ബോണ്ട് ഇറക്കിയില്ല ? അങ്ങനെ ചെയ്യുമെന്നായിരുന്നല്ലോ ആദ്യ അവകാശവാദം .

മസാല ബോണ്ട് അടുത്ത മാസങ്ങളിൽ തന്നെ മച്യുർ ആകുമ്പോൾ പലിശയും ചേർത്ത് തിരികെ നൽകേണ്ട മൂവായിരത്തി അഞ്ഞൂറോളം കോടി എവിടെ നിന്നാണ് കൊടുക്കാൻ പോകുന്നത് ?

ഇന്നലെ റിസർവ് ബാങ്ക് അഫിഡവിറ്റ് ഐസക്കിന്റെ വാദങ്ങളെ തള്ളിയതോടെ ഒരു പക്ഷെ ഇഡിയുടെ അന്വേഷണം ശക്തമാക്കാനുള്ള സാദ്ധ്യതകൾ മുൻ കൂട്ടി കണ്ട് നടത്തുന്ന ജല്പനങ്ങളാണ് തോമസ് ഐസക്കിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം . ഇന്നലെ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കാനാണ് റിസർവ് ബാങ്ക് അഫിഡവിറ്റിനെ തോമസ് ഐസക്ക് തെറ്റായി വ്യാഖ്യാനിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിരുന്നു. തനിക്കെതിരായ സമൻസ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. ആർബിഐ ചട്ടപ്രകാരം എൻഒസി അനുസരിച്ചാണ് പണം സമാഹരിച്ചത്. മസാല ബോണ്ട് കണക്കുകൾ കൃത്യമായി നൽകുന്നുണ്ടെന്ന് ആർബിഐ പറഞ്ഞു. ഇഡി പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *