മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെ എതിർത്ത് സിപിഐ മന്ത്രിമാർ
മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെതിരായ എതിർപ്പ് വ്യക്തമാക്കി സിപിഐ മന്ത്രിമാർ. ഇന്ന് ചേർന്ന കാബിനറ്റ് യോഗത്തിലാണ് സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചത്. മുന്നറിയിപ്പില്ലാതെ ഓർഡിനൻസ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചർച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാർ പരാതിപ്പെട്ടു
എന്നാൽ മന്ത്രിസഭ അജൻഡ നിശ്ചയിക്കുന്ന കാബിനറ്റ് നോട്ട് നേരത്തെ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കാബിനറ്റ് നോട്ടിൽ നിന്ന് ഇക്കാര്യം സിപിഐ മന്ത്രിമാർ അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാർട്ടി അഭിപ്രായമെന്ന് സിപിഐ മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബിൽ ഇനി മന്ത്രിസഭാ യോഗത്തിൽ വരുമ്പോഴും സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിക്കാനുള്ള സാധ്യതയുണ്ട്.