Saturday, January 4, 2025
Kerala

തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും ; ബില്ലിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി:ആധാർ കാർഡിനെ തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതടക്കം നാല്‌ പ്രധാന തെരഞ്ഞെടുപ്പുപരിഷ്‌കാരം നിർദേശിക്കുന്ന ബില്ലിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.താൽപ്പര്യമുള്ളവർ മാത്രം ചെയ്താല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും.

പതിനെട്ട്‌ വയസ്സായവര്‍ക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഒരു വർഷം നാല്‌ വ്യത്യസ്‌ത സമയത്ത് അവസരം നല്‍കാനും നിര്‍ദേശമുണ്ട്. നിലവിൽ ജനുവരി ഒന്നിന്‌ 18 വയസായവര്‍ക്ക് മാത്രമാണ്‌ അവസരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഏതു സ്ഥലവും ഏറ്റെടുക്കാൻ തെരഞ്ഞെടുപ്പുകമീഷന്‌ അധികാരം നൽകാനും വ്യവസ്ഥയുണ്ട്‌. പോളിങ്‌ ബൂത്തുകളായി സ്‌കൂളുകളും മറ്റും തെരഞ്ഞെടുക്കുമ്പോൾ തടസ്സവാദങ്ങൾ ഉയരാതിരിക്കാനാണ്‌ ഇത്‌. സൈനികർക്ക്‌ സർവീസ്‌ വോട്ടറെന്ന പരിഗണന ലഭിക്കുന്ന തെരഞ്ഞെടുപ്പുനിയമം ജെൻഡർ ന്യൂട്രലാക്കും. നിലവിൽ സൈനികന്റെ ഭാര്യയെ സർവീസ്‌ വോട്ടറായി പരിഗണിക്കുമെങ്കിലും സൈനികോദ്യോഗസ്ഥയുടെ ഭർത്താവിന്‌ ആ പരിഗണനയില്ല. നിയമത്തിൽ ‘ഭാര്യ’യെന്നതുമാറ്റി ‘പങ്കാളി’യെന്ന്‌ ഭേദഗതി ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *