നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാൽ പ്രശ്നം പരിഹരിക്കാനാകില്ല; മുഖ്യമന്ത്രി
നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതുകൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളർത്തു നായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവ് നായ്ക്കൾക്ക് സെപ്റ്റംബർ 20 മുതൽ കുത്തിവയ്പ്പ് നൽകും. എന്നാൽ പലയിടത്തും വാക്സിനേഷർ തുടങ്ങിയിട്ടുണ്ട്.
തെരുവ് നായ്ക്കൾ ആക്രമണകാരികളാകുന്നത് അവരുടെ കുറ്റം കൊണ്ടല്ല. മാലിന്യങ്ങൾ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് തെരുവ് നായ്ക്കൾ വർധിക്കാൻ കാരണം. ഇറച്ചി മാലിന്യങ്ങൾ തള്ളുന്നത് കർശനമായി തടയാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനായി മാധ്യമങ്ങളുടെ സഹായം അനിവാര്യമാണ്.
വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് നിർത്തണം. പേവിഷബാധയേറ്റ് 21 മരണം ഈ വർഷമുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയായിട്ടുണ്ട്. 2021, 22 ൽ ആന്റി റാബിസ് വാക്സിന്റെ ഉപഭോത്തിൽ 57 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
ആൻ്റി റാബി സ് വാക്സിൻ്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രമാണ്. ഇതനുസരിച്ചാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് വാങ്ങുന്നത്. സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. 6 ലക്ഷം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. നാല് ലക്ഷത്തോളം വാക്സിനുകൾ ജില്ലകളിൽ നിന്നും ആവശ്യപ്പെടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.