Tuesday, April 15, 2025
Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനം: കെ.സുരേന്ദ്രൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്നും നീക്കിയത് പാകിസ്താൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അറിയിച്ചു.

ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ മറന്നുപോകരുത്. ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം.

ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *